ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കേരളത്തിൽ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാമാസവും രോഹിണി നാളിൽ സന്താനഗോപാലം കഥകളി നടക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. എല്ലാവർഷവും ഏപ്രിൽ മാസത്തിലെ വിഷുദിനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് കൊല്ലം പൂരം നടക്കുന്നു. ശ്രീകൃഷ്ണക്ഷേത്രത്തോടൊപ്പം ഒരു അയ്യപ്പ ക്ഷേത്രം കൂടിയുണ്ട്. ശബരിമല ക്ഷേത്രത്തിലേതുപോലെ പതിനെട്ടു പടികളുള്ള ഈ ക്ഷേത്രത്തിൽ ആനപ്പുറത്തിരിക്കുന്ന അയ്യപ്പന്റെ പ്രതിഷ്ഠയാണുള്ളത്. ശബരിമലയിലേതുപോലെ തന്നെ ഈ ക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്ര നടത്താറുണ്ട്.

